Ashmiya. A S3 economics Roll no 10
എൻ്റെ ബാപ്പുജിക്ക്,
കൊറോണ ഹിറ്റ്ലറിനെ വെല്ലുംവിധം ഏകാധിപത്യം കാഴ്ചവെക്കുമ്പോൾ, അടച്ചിട്ട കിളിവാതിലികൾക്കിടയിലെ ആനിൻ്റെ ഡയറിക്കുറിപ്പുകൾ പോലെ ഈ കത്ത് അങ്ങ് ഒട്ടും പ്രതീക്ഷിച്ചിരിക്കില്ലല്ലേ? എഴുതാതിരിക്കാൻ പലവട്ടം ശ്രമിച്ചതാണ്, പക്ഷെ ഇരുണ്ട മേഘങ്ങൾ പോലെ ഇന്ത്യയുടെ മുഖവും മങ്ങുമ്പോൾ ഞാൻ എങ്ങനെയാണ് എഴുതാതിരിക്കുക? അതേ ബാപ്പുജി, ജീവിക്കുന്ന സത്യമായ ഇന്ത്യ ഒരുപിടി മണ്ണോളം മരിച്ചു കഴിഞ്ഞിരിക്കുന്നു, ആ ഇന്ത്യയുടെ അവസാന ശ്വാസം മാത്രമാണ്,ഞാൻ കുറിക്കുന്ന ഓരോ വാക്കുകളും...!
സൂര്യൻ അസ്തമിക്കാത്ത മഹാസാമ്രാജ്യത്തെ അഹിംസ എന്ന ആയുധമേന്തി അടിയുറവ് പറയിച്ച ദിനം അങ്ങ് ഓർക്കുന്നില്ലേ? ഏതൊരു മറവിയേയും ആ ചിത്രങ്ങളെ സ്പർഷിക്കാൻ അങ്ങ് അനുവാദിക്കില്ലെന്ന് എനിക്കു ഊഹിക്കാവുന്നതെയൊള്ളൂ. എന്നാൽ ആ ഓർമ്മകളിലത്രയും നനുത്ത പുഞ്ചിരിയേക്കാൾ പുരണ്ടിരിക്കുന്നത് രക്തക്കറയല്ലേ? ഇന്ത്യയെ വെട്ടി മുറിപ്പെടുത്തിയപ്പോൾ ഒഴുകിയ രക്തത്തിൻ്റെ കറ!
74 വർഷങ്ങൾക്കിപ്പുറവും ആ മുറിവിന് മുറിയൂട്ടി ലഭിച്ചില്ലെന്ന് പറഞ്ഞാൽ അങ്ങ് വിശ്വസിക്കുമോ? എന്നാൽ അതാണ് സത്യം. മതേതരത്വ മൂല്യം മുറുകെപ്പിടിക്കുന്ന ഇന്ത്യയിൽ, അതിഥികളെയും അഭയാർത്ഥികളെയും ഒരു പോലെ സ്വീകരിച്ച ഇന്ത്യയിൽ, NRC CAA നിയമങ്ങൾ പൗരനാണെന്ന് തെളീക്കാൻ പറഞ്ഞിരിക്കുന്നു. ഇന്ത്യ എന്ന വികാരം തുടിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങൾക്കപ്പുറം ഏതു രേഖയാണ് ബാപ്പുജി ഞങ്ങൾ പൗരനാണെന്ന് തെളീക്കാൻ നൽകേണ്ടത്? ഇതിനെതിരെ ശബ്ദമുയർത്തിയ വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി അക്രമിച്ചു, ജയിലിലടച്ചു. ആ ഇരുമ്പ് വലയത്തിൽ അടക്കപ്പെട്ടതിൽ ഒരു പുതുജീവൻ പേറുന്ന അമ്മ പോലുമുണ്ടായിരുന്നു.....
മാത്രമല്ല, അത്യാഗ്രഹങ്ങളുടെ ഗോപുരങ്ങൾ നമ്മുടെ ഹിമാലയത്തേക്കാൾ ഉയർന്നിരിക്കുമെന്നത് മറ്റൊരു പരസ്യമായ രഹസ്യമാണ്. അതിന് ഘട്ടം ഘട്ടമായി ഞങ്ങളടെ ശബ്ദത്തെ തന്നെ ഇല്ലാതാക്കുന്ന, ഒരു ആവാസ വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന EIA ക്കാൾ വലിയ ഉദാഹരണം ആവശ്യമില്ലല്ലോ....
കഥകൾ ഇവിടെയും അവസാനിക്കുന്നില്ല ബാപ്പുജീ. 'സ്വയം പര്യാപ്തമായ ഇന്ത്യ' എന്ന അങ്ങയുടെ സ്വപ്നം ഇന്നും വിളറിയ മുഖമോടെ അവശേഷിക്കുകയാണ്. അത് സഹിക്കാവുന്നതെയൊള്ളു.... പക്ഷേ, 400 മില്യൺ മനുഷ്യരുടെ വിശപ്പിനും അന്നം വിളമ്പുന്ന കർഷകരുടെ ആത്മഹത്യക്കും ഓക്സിജൻ സിലണ്ടറില്ലാത്ത ആശുപത്രിക്കും മുകളിൽ, ഈ കൊറോണ കാലഘട്ടത്തിലും, പതിനായിരം കോടികൾ ചിലവിട്ടു ക്ഷേത്രങ്ങളും പ്രതിമകളും പണിയാൻ ഒരു ജനാധിപത്യ ഭരണകൂടത്തിനു എങ്ങനെ പറ്റുന്നു എന്നതാണ് എനിക്കു മനസ്സിലാക്കാൻ കഴിയാത്തത്.....
ബാപ്പുജീ... പൊള്ളുന്ന ഇത്തരം അനേകം സത്യങ്ങളിൽ എൻ്റെ ഏറ്റവും വലിയ നീറ്റലെന്താണെന്നറിയാമോ? "കാമവെറി പൂണ്ട കണ്ണുകൾ", ആ കഴുകൻ കണ്ണുകളിൽ ചിറകറ്റു വീഴുന്നത് എണ്ണമറ്റ ജീവിതങ്ങൾ. ഈ 74ാം സ്വാതന്ത്ര്യദിനത്തിൽ പോലും ഒരു പിഞ്ചു കുഞ്ഞ്.... ഓർക്കാൻ പോലും കഴിയുന്നില്ല. നമ്മുടെ ഭാരതത്തെ നടുക്കിയ അനേകം കേസുകൾ വന്നിട്ടും നീതിദേവത കണ്ണടച്ചു തന്നെയിരുന്നു. നിയമപാലകരും നിയമങ്ങളും അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ കേസുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്, നീതിയുടെ പട്ടം ചാർത്താൻ. അത്രയേറെ നമ്മുടെ നിയമങ്ങൾ അന്ധമായിരിക്കുകയാണ് ബാപ്പുജീ...
1992 ഡിസംബർ 6 അയോദ്ധ്യയിലെ ബാബരി മസ്ജിദ് തകർത്തതിനെ തുടർന്ന് ഇന്ത്യക്കപ്പുറം ബംഗ്ലാദേശിൽ ഉയർന്ന കലാപങ്ങളുടെ നേർചിത്രം പകർത്തിയ "തസ്ലീമ നസ്റി"ൻ്റെ "ലജ്ജ" യിലൂടെ കടന്നു പോയപ്പോൾ എൻ്റെ ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ലജ്ജ കാരണം പല പേജുകളും മുഴുവനായി വായിക്കാൻ പോലും എനിക്കായില്ല. അവിടെ ഞാൻ ആശ്വാസം കണ്ടെത്തിയത് അങ്ങയുടെ "സത്യാന്വേഷണ പരീക്ഷണ"ങ്ങളിലൂടെയായിരുന്നു. അങ്ങനെ വിദ്യാഭ്യാസമില്ലാത്ത മതഭ്രാന്തന്മാരുടെ ഇരുണ്ട ചരിത്രം മാത്രമാണ് ആ കലാപങ്ങളെന്ന് എന്നെ തന്നെ പറഞ്ഞു ഞാൻ വിശ്വാസിപ്പിച്ചു.
എന്നാൽ, 18 വർഷങ്ങൾ കടന്ന്പോയി ഈ 2020 ൽ വർഗീയതയുടെ തീപ്പൊരി പടർത്തുന്ന ഭരണകൂടത്തെ ഏതു ഭാഷയിലാണ് ബാപ്പുജി ഞാൻ എൻ്റെ മനഃസാക്ഷിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്?
തെറ്റിനെതിരെ വിരലുയർത്തുന്ന മാധ്യമ പ്രവർത്തകർ വെടിയേറ്റ് മരിക്കുന്നതും മാംസം ഭക്ഷിച്ചെന്നാരോപിച്ച് ഒരു ജീവനെ ബലിയറുത്തതും മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയിലാണ് ബാപ്പുജീ...
വിറയാർന്ന കൈകളോടെ ഓരോ വാക്കുകൾ എഴുതുമ്പോളും മിഴികൾ നിറയുന്നതും അത് കവിളിലൂടെ ഒഴുകുന്നതും ഞാനറിയുന്നുണ്ട്. കണ്ണീരിൽ കുതിർന്ന ഈ വേദനകളൊക്കെയും എൻ്റേത് മാത്രമല്ല ബാപ്പുജീ, ഇന്ത്യൻ ജനതയുടേതാണ്. ശവകുടീരത്തിൽ വീഴുന്ന പൂക്കൾ പോലെ വ്യർത്ഥമായിട്ടാണ് "സ്വാതന്ത്ര്യം" എന്ന വാക്കു പോലും എനിക്കിന്ന് അനുഭവപ്പെടുന്നത്.
പ്രതീക്ഷയുടെ അവസാന നാളമായി ഈ കത്ത് അവശേഷിക്കുമെന്ന പ്രതീക്ഷയോടെ,
എന്ന്
സ്വന്തം
Ashmiya. A
S3 economics
Roll no 10
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ